പലര്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഡസ്റ്റ് അലര്‍ജി. ജന്മനാ അലര്‍ജിയുള്ളവരെ ഇത് ഏറെ ബാധിക്കുകയും ചെയ്യും. വീടിനുള്ളില്‍ പോലും എത്ര വൃത്തിയാക്കിയാലും പൊടിയുണ്ടാകും. പുറത്തേക്കിറങ്ങിയാലോ, പൊടിയും വാഹനങ്ങളുടെ പൊടിയും. ശ്വാസം മുട്ടലും ശ്വാസകോശത്തിന് ഗുരുതരമായ പ്രശ്‌നങ്ങളും പൊടി വരുത്തി വയ്ക്കും. ഡസ്റ്റ് അലര്‍ജിയില്‍ നിന്നും മോചനം വേണമെന്നുണ്ടെങ്കില്‍ ചില വഴികളുമുണ്ട്. വീട് ദിവസവും അടിച്ചു തുടച്ചു വൃത്തിയാക്കുമ്പോഴും പൊതുവെ ആളുകള്‍ ശ്രദ്ധിക്കാത്ത ചില സ്ഥലങ്ങളുണ്ട്. എസി, ഫാന്‍, അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാന്‍ തുടങ്ങിയവ. ഇവ ഡസ്റ്റ് അലര്‍ജിക്ക് കാരണമാകും. പ്രത്യേകിച്ച് ഫാനിടുമ്പോള്‍ ഇതിലെ പൊടി കാറ്റില്‍ പറന്ന് മുറിയ്ക്കുള്ളിലാകും. ഇത് ഡസ്റ്റ്് അലര്‍ജിക്ക് കാരണമാവുകയും ചെയ്യും.

വീടിനുള്ളിലെ കാര്‍പെറ്റുകള്‍ ഡസ്റ്റ് അലര്‍ജി വരുത്തുന്ന മറ്റൊരു കാരണമാണ്. ഇതില്‍ പൊടി കൂടുതലായി പിടിക്കുകയും ചെയ്യും, സാധാരണ രീതിയില്‍ വൃത്തിയാക്കിയാല്‍ വൃത്തിയായെന്നും വരില്ല. ഇവ വൃത്തിയാക്കാനുള്ള ഏറ്റവും നല്ല വഴി വാക്വം ക്ലീനര്‍ കൊണ്ടു വൃത്തിയാക്കുകയാണ്. കുറഞ്ഞത് ആഴ്ചയില്‍ ഒരിക്കലെങ്കിലും കാര്‍പെറ്റുകള്‍ വാക്വം ഉപയോഗിച്ച് വൃത്തിയാക്കണം. ബെഡ് റൂമുകള്‍ സൂര്യപ്രകാശം കടക്കുന്ന, അധികം തണുപ്പിടിക്കാത്ത വിധത്തില്‍ ക്രമീകരിക്കണം. സൂര്യരശ്മികളേറ്റാല്‍ ബാക്ടീരിയ നശിക്കും. നല്ല പോലെ കാറ്റു കയറുകയും വേണം. ഇതെല്ലാം ഡസ്റ്റ് അലര്‍ജി കുറയ്ക്കും. കുട്ടികള്‍ക്ക് ഡസ്റ്റ് അലര്‍ജി വരുന്നതിനുള്ള ഒരു പ്രധാന കാരണമാണ് സോഫ്റ്റ് ടോയ്‌സ്. ഇതില്‍ പൊടി കയറാന്‍ എളുപ്പമാണ്. ഇവ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം. ഡസ്റ്റ് അലര്‍ജിയുള്ള കുട്ടികള്‍ക്ക് ഇത്തരം കളിപ്പാട്ടങ്ങള്‍ കളിക്കാന്‍ കൊടുക്കാതിരിക്കുകയാണ് നല്ലത്.

കര്‍ട്ടനുകളിലും ചവിട്ടികളിലും പൊടി ധാരാളം വരാന്‍ സാധ്യത കൂടുതലാണ്. ഇവ ഇടയ്ക്കിടെ കഴുകി വെയിലിലിട്ട് ഉണക്കുക. കഴുകാന്‍ ബുദ്ധമുട്ടാണെങ്കില്‍ ഊരിയെടുത്ത് പുറത്തു കൊണ്ടു പോയി പൊടി കുടഞ്ഞ് കളയുകയും വേണം. കിടയ്ക്ക വിരികളും തലയിണക്കവറുകളും ഇടയ്ക്കിടെ വൃത്തിയാക്കണം. ഇവ ആഴ്ചയില്‍ ഒരിക്കല്‍ കഴുകി ഉണക്കുക. എന്നിട്ട് വീണ്ടും ഉപയോഗിക്കുക. ഇത് കിടക്കുമ്പോള്‍ ശരീരത്തില്‍ കയറുന്ന പൊടിയുടെ അളവ് കുറയ്ക്കും. പൊടിയുള്ളിടത്തു കൂടി സഞ്ചരിക്കുമ്പോള്‍ മൂക്കും വായും വാസ്‌ക് ഉപയോഗിച്ച് അടച്ചു പിടിയ്ക്കുന്നതും ഗുണം ചെയ്യും.


Post a Comment

 
Top