തികച്ചും  സാധാരണമായ ഒരു മസ്തിഷ്‌ക രോഗമാണ് അപസ്മാരം. നമ്മുടെ നാട്ടിലും നിരവധിയാളുകളില്‍ ഈ രോഗം കണ്ടു വരുന്നു. കണക്കനുസരിച്ച് ആയിരത്തില്‍ അഞ്ചു പേര്‍ക്ക് അപസ്മാരമുണ്ട്. അപസ്മാരമുള്ളവരില്‍ മൂന്നില്‍ രണ്ടു പേരും കുട്ടികളാണ്. അപസ്മാര ബാധയുണ്ടാകുമ്പോള്‍ രോഗി സന്നി ബാധിച്ച് വിറയലോടെ നിലത്തു വീഴുക, വായില്‍ നിന്ന് നുരയും പതയും വരിക, അപശബ്ദങ്ങള്‍ കേള്‍പ്പിക്കുക, വെട്ടി വിറയ്ക്കുക തുടങ്ങി ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് നേരത്തേക്കു മാത്രം നീണ്ടുനില്‍ക്കുന്ന സന്നിയാണിത്..

ഭൂതപ്രേതങ്ങളുടെ
 ബാധയോ മനോരോഗമോ അല്ല അപസ്മാരം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍
പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം. ഇപ്പോള്‍
വിദഗ്ധ ചികിത്സകള്‍ കൊണ്ട് പൂര്‍ണമായിത്തന്നെ ഭേദമാക്കാന്‍ കഴിയുന്ന
രോഗമാണ് അപസ്മാരം. നല്ലൊരു പങ്ക് രോഗികളിലും അപസ്മാരബാധയുടെ തുടക്കം ഇരുപതു
 വയസ്സിനു മുമ്പാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്തുകൊണ്ട് അപസ്മാരം

തലച്ചോറിലെ അനേക ലക്ഷം മസ്തിഷ്‌ക കോശങ്ങള്‍ക്കിടയില്‍ സദാ സമയവും നേര്‍ത്ത വൈദ്യുത സ്പന്ദനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. ഈ സ്പന്ദനങ്ങളാണ് മസ്തിഷ്‌കപ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം. ഇങ്ങനെ സദാ
ഉണ്ടായിക്കൊണ്ടേയിരിക്കുന്ന മസ്തിഷ്‌കവിദ്യുത് സ്പന്ദനങ്ങള്‍ക്ക്
പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലാകെ
പൊടുന്നനെ ഒരു ഞെട്ടല്‍ അനുഭവപ്പെടും. തലച്ചോറില്‍ നിന്നുണ്ടാകുന്ന
തികച്ചും അസാധാരണമായ ഈ സംവേദനത്തോട് ശരീരം പ്രതികരിക്കുന്നത് സന്നിയുടെയോ ബോധക്കേടിന്റെയോ രൂപത്തിലാവും. ചിലപ്പോള്‍ പൂര്‍ണമായി ബോധം നശിക്കാതെ ഉന്മത്തരെപ്പോലെ പെരുമാറുക, കൈകാലുകള്‍ വെട്ടിവിറയ്ക്കുക, കോച്ചിപ്പിടിക്കുക തുടങ്ങി പല തരത്തിലുള്ള ശാരീരിക പ്രതികരണങ്ങളുണ്ടാകാറുണ്ട്. തലച്ചോറിലെ വൈദ്യുത സ്പന്ദനങ്ങളിലുണ്ടാകുന്ന തികച്ചും ആകസ്മികമായ ഈ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം.

പ്രത്യേക ജനിതക കാരണങ്ങള്‍ കൊണ്ടോ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ കൊണ്ടോ അപസ്മാരബാധയുണ്ടാകാം. ഗര്‍ഭകാലത്തോ പ്രസവസമയത്തോ ശിശുവിന് ഉണ്ടാകുന്ന ചില മസ്തിഷ്‌കക്ഷതങ്ങള്‍ അപസ്മാരമുണ്ടാക്കാനിടയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭകാലത്തും പ്രസവ സമയത്തും ശരിയായ പരിചരണങ്ങള്‍ നല്‍കുന്നതിലൂടെ ഈ രോഗസാധ്യത വലിയൊരളവോളം ഒഴിവാക്കാന്‍ കഴിയും. മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങള്‍ മൂലവും ചിലപ്പോള്‍ അപസ്മാരമുണ്ടാകാം. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പുകള്‍ എടുക്കുന്നത് രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. പരമ്പരാഗതമായ ചില സവിശേഷതകള്‍ ചില ആളുകളിലെങ്കിലും
രോഗബാധയ്ക്കു കാരണമായേക്കാമെങ്കിലും അച്ഛനമ്മമാരിലാര്‍ക്കെങ്കിലും
അപസ്മാരമുള്ളതു കൊണ്ടു മാത്രം മക്കള്‍ക്ക് ഈ രോഗം ഉണ്ടാകണമെന്നില്ല.

Post a Comment

 
Top