പഴയ തലമുറയുടെ ആരോഗ്യരഹസ്യങ്ങളിലൊന്നായിരുന്നു അതിരാവിലെ ഉണരുകയെന്നത്. കാലവും ശീലവും മാറി. പാതിരാ വരെ കമ്പ്യൂട്ടറിനും ടിവിക്കും മുന്നിലിരിക്കുന്ന പലരും ചിലപ്പോള്‍ സൂര്യോദയം കണ്ട നാളു പോലും മറന്നു പോയിക്കാണും. നേരത്തെ എഴുന്നേല്‍ക്കുന്നതിന്റെ ചില ഗുണങ്ങളെക്കുറിച്ച് അറിയൂ.
പുലര്‍ച്ചെ എഴുന്നേറ്റാല്‍ പുറത്തിറങ്ങി ഒന്നു നോക്കൂ. എത്ര നഗരത്തിരക്കുകകളുണ്ടെങ്കിലും പുലരുമ്പോള്‍ ഉണരുന്നത് മാലിന്യപ്പെടാത്ത പ്രകൃതിയെ കാണാനുള്ള ഒരു വഴി കൂടിയാണ്. ഇളംകാറ്റും സൂര്യോദയവും പക്ഷികളുടെ ചിലക്കലും നമ്മുടെ മനസിനും സന്തോഷം പകരും.
പുലര്‍ച്ചെ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഫലം എളുപ്പം ലഭിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ കുട്ടികളോട് പഠിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ഒരു കാര്യമിതാണ്.
രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്തു നോക്കൂ. ഊര്‍ജം ഇരട്ടിയാകുന്നതായി നിങ്ങള്‍ക്കു തന്നെ അനുഭവപ്പെടും.
നേരം വൈകിയെഴുന്നേറ്റാല്‍ ഒന്നിനും സമയം തികയില്ല. തിരക്കില്‍ ചെയ്തു തീര്‍ക്കുന്ന പ്രഭാതകൃത്യങ്ങള്‍ എല്ലാവര്‍ക്കും അസ്വസ്ഥതയേ നല്‍കൂ.
നേരമില്ലാത്തതു കാരണം പ്രാതലൊഴിവാക്കി പോകുന്നവരുണ്ട്. അല്‍പം നേരത്തെ എഴുന്നേറ്റാല്‍ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതേയുള്ളൂ. ഒരു ദിവസത്തേക്കു വേണ്ട ഊര്‍ജം മുഴുവന്‍ നല്‍കുന്നത് പ്രഭാതഭക്ഷണമാണെന്നു മറക്കരുത്.
നേരത്തെ എഴുന്നേല്‍ക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കും. മൂഡു നന്നാവും. ഇത് ജോലിയിലായാലും പെരുമാറ്റത്തിലായാലും പ്രതിഫലിക്കുകയും ചെയ്യും.
ആരോഗ്യത്തിന് നേരത്തെ എഴുന്നേല്‍ക്കുന്നത് ഗുണം ചെയ്യുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
കുറച്ചു ദിവസമെങ്കിലും നേരത്തെ ഉണര്‍ന്നു നോക്കൂ. വ്യത്യാസം നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാം.

Post a Comment

 
Top