തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാരുടെയും ഫീല്‍ഡ് നഴ്‌സുമാരുടെയും പുതിയ യൂണിഫോം ഡിസംബര്‍ ഒന്നിന് നിലവില്‍ വരും. സ്റ്റാഫ് നഴ്‌സിന് വെള്ള ചുരിദാറും ഓവര്‍കോട്ടുമായിരിക്കും വേഷം. ഫീല്‍ഡ് നഴ്‌സിന് വെള്ള ചുരിദാര്‍ ധരിക്കാം. താല്പര്യമുള്ളവര്‍ക്ക് നിലവിലുള്ള യൂണിഫോം തുടരുന്നതിന് തടസമില്ലെന്നും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആരോഗ്യവകുപ്പ് ഉന്നതതല യോഗത്തില്‍ അറിയിച്ചു.

ഡെങ്കിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ട് ഞായറാഴ്ചകള്‍ കൂടി സംസ്ഥാനത്ത് ഡ്രൈ ഡേ ആയി ആചരിക്കും. തീരദേശ മേഖലയില്‍ വൈകുന്നേരം രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ജനറിക് മരുന്നുകളുടെ വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജനറല്‍ ആസ്പത്രികളില്‍ ജനറിക് മരുന്ന് വിതരണം മുടക്കംകൂടാതെ നടക്കുന്നുവെന്ന് അതാത് ഡി.എം.ഒമാര്‍ ഉറപ്പുവരുത്തണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ശുചീകരണം കാര്യക്ഷമമാക്കണം. ഇത് സംബന്ധിച്ച് പരിശോധനാ റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.ആര്‍.എച്ച്.എം. ഡയറക്ടര്‍ ഡോ. എം. ബീന, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

 
Top